മഴക്കാലത്ത്

മഴക്കാലത്ത്
മഴക്കാലത്ത് പച്ചമുളക് വിളയിക്കാം മഴക്കാലത്തും ഗ്രോബാഗില്‍ വളരുന്ന പച്ചമുളക് നല്ല വിളവ് തരും. ശക്തമായ മഴ പെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ പച്ചക്കറിക്കൃഷി പ്രയാസം പിടിച്ചതാണ്. കനത്തമഴ മൂലം വെള്ളക്കെട്ടുണ്ടായി ചെടികള്‍ ചീയുകയും വളം ഒലിച്ചു പോകുകയും ചെയ്യുന്നതാണു പ്രധാന കാരണം. മഴക്കാലത്ത് നടാന്‍ പറ്റിയ ഇനങ്ങള്‍ ജ്വാലാമുഖി, ജ്വാലാ സഖി, ഉജ്ജ്വല അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി എന്നിവയാണ് മഴക്കാലത്തെ കൃഷിക്ക് അനുയോജ്യം. ഇവ പെട്ടെന്നു വിളവ് തരുന്നതും ബാക്ടീരിയല്‍ വാട്ടം പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ളതുമാണ്. കൃഷിരീതി തൈകള്‍ പറിച്ചു നട്ടാണ് മഴക്കാലത്ത് മുളവ് കൃഷി ചെയ്യേണ്ടത്. നഴ്‌സറിയില്‍ നിന്നു വാങ്ങിയ തൈകള്‍ നടുന്നതാണ് ഉചിതം. അല്ലെങ്കില്‍ ചട്ടികളിലോ തടങ്ങളിലോ പ്രോട്രേകളിലോ ചകിരിച്ചോറും കമ്പോസ്റ്റും തുല്യ അളവില്‍ കൂട്ടിച്ചേര്‍ത്ത മിശ്രിതം നിറച്ചു വിത്ത് പാകാം. പക്ഷെ ഇനി വിത്തു പാകി തൈ വളര്‍ത്താന്‍ സമയമില്ലാത്തതിനാല്‍ നഴ്‌സറിയില്‍ നിന്നുള്ള തൈകളെ ആശ്രയിക്കാം. ഗ്രോബാഗ് തയാറാക്കല്‍ സാധാരണ ഗ്രോബാഗ് ഒരുക്കും പോലെ തന്നെ മതി പച്ചമുളക് തൈകള്‍ നടാനും. ചകിച്ചോര്‍, മണ്ണ്, കമ്പോസ്റ്റ് തുടങ്ങിയ മിശ്രിതങ്ങള്‍ ചേര്‍ത്തു ഗ്രോബാഗ് ഒരുക്കാം. അടിവശത്ത് നാലു ദ്വാരങ്ങള്‍ ഇടണം. തൈകള്‍ അത്യാവശ്യം വളര്‍ന്നതിനു ശേഷം അമിതമായി മഴ കൊള്ളുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണം.മധ്യഭാഗത്ത് ദ്വാരമിട്ട പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് ഗ്രോബാഗ് മൂടിവെക്കുന്നത് മഴക്കാലത്ത് നല്ലതാണ്, ഇങ്ങനെ ചെയ്താല്‍ അമിതമായി വെള്ളം ബാഗില്‍ കെട്ടിക്കിടക്കില്ല. വളപ്രയോഗം പൂര്‍ണമായും ജൈവവളപ്രയോഗത്തിലൂടെ മുളക് കൃഷി ചെയ്യാം. കാലി വളം, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ്, പുളിപ്പിച്ച പിണ്ണാക്ക് സ്ലറി, എല്ലുപൊടി , കോഴിവളം, ചാരം എന്നിവയാണ് പ്രധാനമായി ഉപയോഗിക്കാവുന്ന ജൈവവളങ്ങള്‍. ജീവാണുവളമായ അസോസ്‌പെറില്ലം, അസറ്റോബാക്റ്റര്‍, മൈക്കോറൈസ എന്നിവയുടെ പ്രയോഗം ചെടികളുടെ വളര്‍ച്ചയിലും വിളവിലും കാര്യമായ വര്‍ദ്ധനവ് നല്‍കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നേര്‍പ്പിച്ച സ്ലറി (25 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ഗോമൂത്രം /വെര്‍മി വാഷ് ( 8 ഇരട്ടി നേര്‍പ്പിച്ചത്) തളിച്ചു കൊടുക്കുന്നത് നല്ലതാണ്. തൈകളുടെ പരിചരണം ചെടികള്‍ക്ക് ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടുകൊടുക്കുന്നത് വിളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. മൂന്നു വര്‍ഷത്തോളം വരെ ഗ്രോബാഗ് ഉപയോഗിക്കാന്‍ സാധിക്കും. ഓരോ വിള കഴിയുമ്പോഴും പോട്ടിങ്ങ് മിശ്രിതം ജൈവവളം ചേര്‍ത്ത് സൂര്യപ്രകാശം കൊള്ളിച്ചതിനുശേഷം അടുത്ത വിള നടുന്നതിന് ഉപയോഗിക്കാം . ആവശ്യമെങ്കില്‍ ചെടികള്‍ക്ക് താങ്ങ് കൊടുക്കണം. നാല് ഗ്രോബാഗില്‍ മുളക് വളര്‍ത്തിയാല്‍ ഒരു കുടുംബത്തിന് അടുക്കളയിലേക്ക് ആവശ്യമുള്ള മുളക് ലഭിക്കും.

ജീവാമൃതം തയ്യാറാക്കുന്ന വിധം

ജീവാമൃതം തയ്യാറാക്കുന്ന വിധം
ജീവാമൃതം തയ്യാറാക്കുന്ന വിധം

ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.


ജീവാമൃതം തയ്യാറാക്കുന്ന വിധം

  • പച്ച ചാണകം – 10 കി.ഗ്രാം
  • ഗോമൂത്രം – 5 – 10 ലിറ്റര്‍
  • ശര്ക്കരര(കറുത്തത്) – 2 കി.ഗ്രാം
  • ധാന്യപ്പൊടി (പയറുപൊടി കൂടുതല്‍ അനുയോജ്യം) – 2 കി.ഗ്രാം
  • വന മണ്ണ്(ഫല ഭൂയിഷ്ടമായ മണ്ണ്) – ഒരു പിടി
  • വെള്ളം – 200 ലിറ്റര്‍

മുകളില്‍ പറഞ്ഞ കൂട്ടുകളില്‍ വെള്ളം ഒഴികെ ബാക്കിയെല്ലാം ഒരു വീപ്പയിലിട്ട് നന്നായി ഇളക്കി ചേർക്കുക. ശർക്കര ചെറുതായി പൊടിച്ച് ചേർക്കണം. വീപ്പയുടെ മുകള്‍ ഭാഗം ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടി രണ്ട് ദിവസം വെയ്ക്കുക. ദിവസവും രണ്ടു നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാം ദിവസം 200 ലിറ്റര്‍ പച്ച വെള്ളം ചേർത്തിളക്കി വിളകൾക്ക് ഒഴിച്ചു കൊടുക്കാം. ജീവാമൃതം തളിക്കുന്നതിനു മുൻപ് വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിട്ടാൽ ഗുണഫലം കൂടും. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാവുന്നതാണ്.

പച്ചക്കറി കൃഷിക്ക് കുറച്ചു നാട്ടു വൈദ്യം

പച്ചക്കറി കൃഷിക്ക് കുറച്ചു നാട്ടു വൈദ്യം
പച്ചക്കറി കൃഷിക്ക് കുറച്ചു നാട്ടു വൈദ്യം

1. പച്ചക്കറി ചെടികളിലെ ചെറുപ്രാണുകളെ അകറ്റാന്‍ പുളിച്ച കഞ്ഞിവെള്ളം ആഴ്ചയില്‍ ഒരുദിവസം വെച്ച് ഇലകളുടെ രണ്ടു വശവും തളിച്ചു കൊടുക്കുക.

2. പയറിലെ ചാഴിശല്യം അകറ്റാന്‍ 10ഗ്രാം കാന്താരി മുളകും 50ഗ്രാം വെളുത്തുള്ളിയും കൂട്ടി അരച്ച് അരിച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ സ്‌പ്രേ ചെയ്യുക.

3. പച്ചക്കറി വിത്തുകള്‍ വെളുത്ത വാവിനു രണ്ടു ദിവസം മുന്‍പ് നടുന്നത് തൈക്ക് ശക്തി കൂടാനും കീടരോഗങ്ങളില്ലാതെ വളരാനും സഹായിക്കും.

4. കിഴങ്ങുവര്‍ഗങ്ങള്‍ കറുത്തവാവു സമയത്ത് നടുന്നത് നന്നായി വളര്‍ന്നു വരാന്‍ സഹായിക്കും.

5. ഉലുവ 30-50ഗ്രാം ചതച്ച് പടവലം, പയര്‍ എന്നിവയുടെ ചുവട്ടില്‍ ഇട്ടുകൊടുത്താല്‍ തണ്ടുതുരപ്പനെ പ്രതിരോധിക്കാം.

6. പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം കായം പൊടിച്ചു ചേര്‍ത്ത് മൊട്ടുകളില്‍ സ്േ്രപ ചെയ്യുക.

7. മത്തന്‍ വള്ളി വീശി മുന്നോട്ടു പോകുമ്പോള്‍ മുട്ടിന് മുട്ടിന് അല്‍പ്പം പച്ചച്ചാണകം വെച്ചു കൊടുക്കുന്നത് കായ പിടുത്തം കൂടാന്‍ സഹായിക്കും.

8. ചീര പാകുമ്പോള്‍ പത്തിരട്ടി മണലുമായി ചേര്‍ത്ത് വിതറിയാല്‍ ചീര അകലത്തില്‍ വളര്‍ന്നു വരും.

9. പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക.

10. പയറിന്റെ പൂകൊഴിച്ചില്‍ മാറാന്‍ ചാരം തടത്തില്‍ ചേര്‍ത്ത് കൊടുക്കുക.

ബ്രഹ്മി

ബ്രഹ്മി
                                                         ബ്രഹ്മി ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളൊരു സസ്യമാണ്. നമ്മുടെ വീട്ടുപറമ്പില്‍ തന്നെ കണ്ടു വരുന്ന ഒന്ന്. പരന്ന ഇലകളോടു കൂടിയ ഈ സസ്യം കാലാകാലങ്ങളായി ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ്.
പൊതുവേ കുട്ടികള്‍ക്കു ബുദ്ധിയ്ക്കും ഓര്‍മയ്ക്കും എന്ന രീതിയിലാണ് ബ്രഹ്മി അറിയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ശരീരത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണിത്.
ആയുര്‍വേദത്തിലെ ഒരു ഭാഗമായ സഹസ്രയോഗത്തില്‍ ബ്രഹ്മിയുടെ ഗുണങ്ങളെക്കുറിച്ചു വിശദമായി പ്രതിപാദിയ്ക്കുന്നുമുണ്ട്. ഇതു കൊണ്ടു തന്നെ പല ആയുര്‍വേദ മരുന്നുകളിലേയും എണ്ണകളിലേയുമെല്ലാം മുഖ്യ ചേരുവയാണ് ഇത്.

ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു കൂടാതെ അകാല വാര്‍ദ്ധക്യം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ ചെടി. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഫലങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്.

ബ്രഹ്മി ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ, ഇതു നല്‍കുന്ന ആരോഗ്യപമായ ഗുണങ്ങളും അകാല വാര്‍ദ്ധക്യം തടയാന്‍ ഇതെങ്ങനെ കഴിയ്ക്കണമെന്നും അറിയൂ,

ബ്രെയിന്‍ ആരോഗ്യത്തിന്
ബ്രെയിന്‍ ആരോഗ്യത്തിന്, ഇത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണു ബ്രഹ്മി. ഇത് കുട്ടികള്‍ക്കു നല്‍കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഓര്‍മശക്തിയ്ക്കുള്ള പല ആയുര്‍വേദ മരുന്നുകളിലും ഇതൊരു മുഖ്യ ചേരുവയാണ്. ബ്രഹ്മി തണലില്‍ വച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്. ബ്രഹ്മിനീരും വെണ്ണയും കലര്‍ത്തി രാവിലെ ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കുന്നതും ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം നല്ലതാണ്.ദിവസവും രാവിലെ ബ്രഹ്മിനീരു കുടിയ്ക്കുന്നതും ഇത് പാലിലോ തേനിലോ കലര്‍ത്തി കഴിയ്ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
ഡയബെറ്റിക്
ഡയബെറ്റിക് രോഗികള്‍ക്കുള്ള നല്ലൊരു ഔഷധം കൂടിയാണ് ബ്രഹ്മി. ഇത് ഗ്ലൂക്കോത് തോതു നിയന്ത്രിച്ചാണ് ഈ പ്രയോജനം നല്‍കുന്നത്. പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ 1 ടേബിള്‍ സ്പൂണ്‍ വീതം ബ്രഹ്മിനീരു കുടിയ്ക്കുന്നതു ഗുണം ചെയ്യും. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും സഹായിക്കുന്ന ഒന്നാണ് ബ്രഹ്മി നീര്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.
നല്ല ശബ്ദം
തൊണ്ടയിലെ പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ് ബ്രഹ്മി. ഇതിന്റെ നീരു വെറുതെ കുടിയ്ക്കുന്നതു തന്നെ ഒച്ച നന്നാകാന്‍ നല്ലതാണ്. നിത്യവും ബ്രഹ്മി നീരെടുത്ത് രാവിലെ കല്‍ക്കണ്ടം അതില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദശുദ്ധി വരും, വിക്ക് മാറും.

ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക്
ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും തലച്ചോറിന്റെ വികാസത്തിന്. ഗര്‍ഭിണികളുടെ രക്തശുദ്ധീകരണത്തിനും വയറിനുമെല്ലാം ഇതു ഗുണം ചെയ്യുന്നു. ഇതു പണ്ടു മുതല്‍ ചെയ്തു വന്നിരുന്ന ആരോഗ്യ സംരക്ഷണ വഴിയുമാണ്.
ചര്‍മത്തിന് ചെറുപ്പം
ചര്‍മത്തിന് ചെറുപ്പം നല്‍കുന്നതു മാത്രമല്ല, പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ് ബ്രഹ്മി. രക്തം ശുദ്ധീകരിയ്ക്കുന്നതിനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനുമെല്ലാം മികച്ച ഒന്നാണ് ബ്രഹ്മി.എക്‌സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ഇത് അരച്ചിടുന്നത് ഏറെ ഗുണം നല്‍കും.
മുടി വളര്‍ച്ച
മുടി വളര്‍ച്ചയ്ക്കുള്ള ഏറ്റവും നല്ല മരുന്നാണ് ബ്രഹ്മി. ഇതു കഴിയ്ക്കുന്നതും ഇതിട്ട എണ്ണ കാച്ചി തേയ്ക്കുന്നതും ഇതു മുടിയില്‍ അരച്ചിടുന്നതുമെല്ലാം ഏറെ നല്ലതാണ്. അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മുടി വളരാനും കറുപ്പു ലഭിയ്ക്കാനും മുടി കൊഴിച്ചില്‍ നിര്‍ത്താനുമെല്ലാം നല്ലൊരു വഴി
മുടിയ്ക്ക്
മുടിയ്ക്ക് ഏറ്റവും നല്ലൊരു മരുന്നാണിത്. മുടി നരയ്ക്കാതിരിയ്ക്കാന്‍, മുടി വളരാന്‍ തുടങ്ങി പല പ്രയോജനങ്ങളുമുണ്ട്. ഇതു കഴിയ്ക്കുന്നതും ഇതിട്ട എണ്ണ കാച്ചി തേയ്ക്കുന്നതും ഇതു മുടിയില്‍ അരച്ചിടുന്നതുമെല്ലാം ഏറെ നല്ലതാണ്. അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
തലച്ചോറിലെ നാഡികളുടെ ആരോഗ്യത്തെ
തലച്ചോറിലെ നാഡികളുടെ ആരോഗ്യത്തെ നന്നാക്കുന്നതു കൊണ്ടു തന്നെ ബ്രഹ്മി അപസ്മാരം പോലുളള അവസ്ഥകള്‍ക്കും നല്ലതാണ്. ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഇതില്‍ വയമ്പു ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം അപസ്മാരം പോലുള്ള അവസ്ഥകള്‍ക്കു പരിഹാരമാകും. തലച്ചോറിനെ ശാന്തമാക്കാന്‍ ഇതിനു സാധിയ്ക്കും.
ഉറക്കം
ഉറക്കം വരാത്തവര്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഇത് വെണ്ണ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്.                                                                (ബ്രഹ്മിയുടെ തൈകൾ എല്ലാ കാർഷിക നഴ്സറികളിലും ലഭ്യമാണ്. )                            

വിള ഇൻഷുറൻസ്

വിള ഇൻഷുറൻസ്


. ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ടം ഒരു പരിധിവരെയെങ്കിലും നേരിടുന്നതിന് വിള ഇന്‍ഷുറന്‍സ് പദ്ധതി സഹായിക്കും. സംസ്ഥാനവിള ഇന്‍ഷുറന്‍സ് പദ്ധതിയെ പരിചയപ്പെടുക.

നിര്‍ദിഷ്ട കൃഷിസ്ഥലത്തെ മുഴുവന്‍ വിളകളും ഇന്‍ഷുര്‍ ചെയ്തിരിക്കണം.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വസ്തുക്കരത്തിന്‍റെ രസീതും ഹാജരാക്കണം. നിശ്ചിത നിരക്കില്‍ പ്രീമിയവും അടയ്ക്കണം.
പ്രീമിയം തുക അടച്ച് ഒരു മാസത്തിനുള്ളില്‍ പോളിസി രേഖ ലഭ്യമാകുന്നതാണ്.
തുക അടച്ച് ഏഴു ദിവസത്തിനുശേഷം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായിത്തുടങ്ങും.
പ്രകൃതി ക്ഷോഭം/വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കും. 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
ക്ലെയിമിന്‍റെ സ്വഭാവം അനുസരിച്ച് പരമാവധി മൂന്നു മാസത്തിനുള്ളില്‍ ആനുകൂല്യം ലഭ്യമാകും.


പ്രീമിയം നിരക്കുകളും നഷ്ടപരിഹാരവും


തെങ്ങ്

കുറഞ്ഞ എണ്ണം: 10
വിളവ്:  ഒരാണ്ടില്‍ കുറഞ്ഞത് 30 നാളികേരമെങ്കിലും കായ്ഫലം ലഭിക്കണം.
പ്രീമിയം: തെങ്ങൊന്നിന് 2 രൂപ ഒരു വര്‍ഷത്തേക്ക്
നഷ്ടപരിഹാരം: തെങ്ങൊന്നിന് 1000 രൂപ

കമുക്

കുറഞ്ഞ എണ്ണം:10 മരങ്ങള്‍
വിളവ്: കായ്ഫലമുള്ളത്
പ്രീമിയം: മരമൊന്നിന് ഒരു രൂപ, 3 വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിന് 100 രൂപ

റബ്ബര്‍

കുറഞ്ഞ എണ്ണം: 25 എണ്ണം
വിളവ്: ~കറയെടുക്കുന്ന മരങ്ങള്‍
പ്രീമിയം: മരമൊന്നിന് ഒരു വര്‍ഷത്തേക്കു രണ്ടു രൂപ, മൂന്നു വര്‍ഷം ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിന് 500 രൂപ

കശുമാവ്

കുറഞ്ഞ എണ്ണം: 5 മരങ്ങള്‍
വിളവ്: ~കായ്ഫലമുള്ളത്
പ്രീമിയം: ഒരു മരത്തിനു ഒരു വര്‍ഷത്തേക്കു 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിനു 200 രൂപ

വാഴ (ഏത്തന്‍, കപ്പവാഴ, പാളയംതോടന്‍, റോബസ്റ്റ)

കുറഞ്ഞ എണ്ണം: 10 എണ്ണം
പ്രായം: ~നട്ടു കഴിഞ്ഞ് ഒരു മാസം മുതല്‍ അഞ്ചു മാസം വരെ
പ്രീമിയം: ഒരു വാഴയ്ക്കു രണ്ടു രൂപ
നഷ്ടപരിഹാരം: കുലയ്ക്കാത്തതിനു 20 രൂപ, കുലച്ചതിനു 50 രൂപ.

മരച്ചീനി

കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍
പ്രായം: ~നട്ടു കഴിഞ്ഞ് ഒരു മാസത്തിനുശേഷം 5 മാസം വരെ
പ്രീമിയം: 0.02 ഹെക്ടറിന് 2 രൂപ
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 100 രൂപ, (ഹെക്ടറൊന്നിന് 5000 രൂപ)

കൈതച്ചക്ക

കുറഞ്ഞ എണ്ണം/വിസ്തീര്‍ണം: 0.02 ഹെക്ടര്‍

പ്രായം: ~നട്ടുകഴിഞ്ഞ് ഒരു മാസത്തിനുശേഷം 6 മാസം വരെ
പ്രീമിയം: 0.02 ഹെക്ടറിന് 25 രൂപ
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 500 രൂപ (ഹെക്ടറൊന്നിന് 25,000 രൂപ)

കുരുമുളക്

കുറഞ്ഞ എണ്ണം: 15 താങ്ങുമരങ്ങളിലുള്ളവ
പ്രായം: ~കായ്ച്ചു തുടങ്ങിയവ
പ്രീമിയം: ഒരു രൂപ.
നഷ്ടപരിഹാരം: ഓരോ താങ്ങുമരത്തിലും ഉള്ളതിനു 40 രൂപ

ഏലം

കുറഞ്ഞ വിസ്തീര്‍ണം: 1 ഹെക്ടര്‍
വിളവ്: കായ്ഫലമുള്ളവ

പ്രീമിയം: ഒരു വര്‍ഷത്തേക്കു ഹെക്ടറിനു 1000 രൂപ, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2500 രൂപ
നഷ്ടപരിഹാരം: ഹെക്ടറൊന്നിനു 30000 രൂപ

ഇഞ്ചി

കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍
പ്രായം: നട്ട് ഒരു മാസം കഴിഞ്ഞു 5 മാസം വരെ
പ്രീമിയം: 10 രൂപ 0.02 ഹെക്ടറിന്
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 800 രൂപ (ഹെക്ടര്‍ ഒന്നിന് 40,000 രൂപ)



മഞ്ഞള്‍

കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍
പ്രായം: ~നട്ട് ഒരു മാസം കഴിഞ്ഞു 3 മാസം വരെ
പ്രീമിയം: 10/- രൂപ 0.02 ഹെക്ടറിന്
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 800 രൂപ (ഹെക്ടര്‍ ഒന്നിന് 40,000 രൂപ)

കാപ്പി



കുറഞ്ഞ എണ്ണം: 10 മരത്തിന്
വിളവ്: കായ്ഫലമുള്ളത്
പ്രീമിയം: ഒരു ചെടിക്ക് ഒരു വര്‍ഷത്തേക്ക് ഒരു രൂപ. മൂന്നു വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 2 രൂപ

നഷ്ടപരിഹാരം: ഒരു മരത്തിനു 75 രൂപ

തേയില

കുറഞ്ഞ വിസ്തീര്‍ണം: 1 ഹെക്ടര്‍
വിളവ്: ഇലയെടുത്തു തുടങ്ങിയ ചെടികള്‍
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഹെക്ടറിനു 1000 രൂപ, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2500 രൂപ

നഷ്ടപരിഹാരം: ഹെക്ടറൊന്നിനു 60,000 രൂപ

കൊക്കോ

കുറഞ്ഞ എണ്ണം: 5 എണ്ണം
വിളവ്: കായ്ഫലമുള്ളത്

പ്രീമിയം: ഒരു രൂപ മരത്തിനു ഒരു വര്‍ഷത്തേക്ക്, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിനു 35 രൂപ

നിലക്കടല

കുറഞ്ഞ വിസ്തീര്‍ണം: 0.1 ഹെക്ടര്‍
പ്രായം: നട്ട് കഴിഞ്ഞ് ഒരു മാസത്തിനുശേഷം 2 മാസത്തിനുമുമ്പ്

പ്രീമിയം: 0.1 ഹെക്ടറിനു 25 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിന് 800 രൂപ (ഹെക്ടറൊന്നിന് 8000 രൂപ)

എള്ള്

കുറഞ്ഞ വിസ്തീര്‍ണം: 0.1 ഹെക്ടര്‍
പ്രായം: വിതച്ചു ഒരാഴ്ചകഴിഞ്ഞു ഒരു മാസം വരെ

പ്രീമിയം: 0.1 ഹെക്ടറിനു 25 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിന് 500 രൂപ (ഹെക്ടറൊന്നിന് 5000 രൂപ)

പച്ചക്കറി (പന്തലുള്ളവയും പന്തലില്ലാത്തവയും)

കുറഞ്ഞ വിസ്തീര്‍ണം: 0.04 ഹെക്ടര്‍ (10 സെന്‍റ്)
പ്രായം: നട്ട് ഒരാഴ്ച കഴിഞ്ഞു ഒരു മാസം വരെ
പ്രീമിയം: 10 സെന്‍റിന് 10 രൂപ

നഷ്ടപരിഹാരം: പന്തലില്ലാത്തവ 10 സെന്‍റിന് 600 രൂപ (ഹെക്ടര്‍ ഒന്നിന് 15,000 രൂപ) പന്തലുള്ളവ 10 സെന്‍റിന് 1000 രൂപ (ഹെക്ടര്‍ ഒന്നിന് 25000 രൂപ)

ജാതി

കുറഞ്ഞ എണ്ണം: 5 എണ്ണം
വിളവ്: കായ്ഫലമുള്ളത്
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഒരു മരത്തിനു രണ്ടു രൂപ, മൂന്ന് വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: 200 രൂപ ഒരു മരത്തിന്

ഗ്രാമ്പു

കുറഞ്ഞ എണ്ണം: 5 എണ്ണം

വിളവ്: ~കായ്ഫലമുള്ളത്
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഒരു മരത്തിനു 2 രൂപ മൂന്ന് വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: 150 രൂപ ഒരു മരത്തിന്

വെറ്റില
കുറഞ്ഞ വിസ്തീര്‍ണം: ഒരു സെന്‍റ്

വിളവ്: വിളവെടുപ്പ് ആരംഭിച്ചത്
പ്രീമിയം: ഒരു വര്‍ഷത്തേക്കു സെന്‍റൊന്നിന് 5 രൂപ
നഷ്ടപരിഹാരം: സെന്‍റൊന്നിന് 250/- രൂപ



പയറുവര്‍ഗങ്ങള്‍

കുറഞ്ഞ വിസ്തീര്‍ണം: 0.10 ഹെക്ടര്‍ (25 സെന്‍റ്)

പ്രായം: ~നട്ട് രണ്ടാഴ്ച മുതല്‍ ഒന്നര മാസം വരെ
പ്രീമിയം: 0.1 ഹെക്ടറിനു 12.5 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിനു 250/- രൂപ (ഒരു ഹെക്ടറിനു 2500 രൂപ)

കിഴങ്ങുവര്‍ഗങ്ങള്‍ (ചേന, മധുരക്കിഴങ്ങ്)

കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍ (5 സെന്‍റ്)
പ്രായം: നട്ട് ഒരു മാസം കഴിഞ്ഞു 3 മാസം വരെ
പ്രീമിയം: (എ) ചേന കൃഷിക്ക് 5 രൂപ, (ബി) മധുരക്കിഴങ്ങ് കൃഷിക്ക് 3 രൂപ
നഷ്ടപരിഹാരം തോത്: 0.02 ഹെക്ടറിനു 500 രൂപ ചേന (ഹെക്ടറിനു 25000 രൂപ), 0.02 ഹെക്ടറിനു 200 രൂപ മധുരക്കിഴങ്ങ് (ഹെക്ടര്‍ ഒന്നിനു 10,000)

കരിമ്പ്
വിള ഇന്‍ഷുറന്‍സ്

കുറഞ്ഞ വിസ്തീര്‍ണം: 0. 10 ഹെക്ടര്‍
പ്രായം: നട്ട് ഒരു മാസം കഴിഞ്ഞു 3 മാസം വരെ

പ്രീമിയം: 0.10 ഹെക്ടറിനു 60 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിനു 3000 രൂപ (ഹെക്ടര്‍ ഒന്നിനു 30,000)

പുകയില
വിള ഇന്‍ഷുറന്‍സ്

കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍
പ്രായം: നട്ട് രണ്ടാഴ്ച കഴിഞ്ഞു 2 മാസം വരെ

പ്രീമിയം: 0.02 ഹെക്ടറിനു 2 രൂപ
നഷ്ടപരിഹാരം: 0.02 ഹെക്ടറിനു 400 രൂപ (ഹെക്ടര്‍ ഒന്നിന് 20,000 രൂപ)

നെല്ല്
വിള ഇന്‍ഷുറന്‍സ്

കുറഞ്ഞ വിസ്തീര്‍ണം: 0.10 ഹെക്ടര്‍
പ്രായം: നട്ട് അല്ലെങ്കില്‍ വിതച്ചു 15 ദിവസം കഴിഞ്ഞു 2 മാസം വരെ
പ്രീമിയം: 0.10 ഹെക്ടറിനു 10 രൂപ
നഷ്ടപരിഹാരം തോത്: (45 ദിവസത്തിനകമുള്ള വിളകള്‍ക്ക് 7500/- രൂപ ഹെക്ടറിന്) 45 ദിവസത്തിനുശേഷമുള്ള വിളകള്‍ക്ക് 12500/- രൂപ

കീടരോഗബാധ കൃഷി ഭവനില്‍ അറിയിച്ചു വേണ്ട പ്രതിരോധ നടപടികള്‍ എടുത്തതിനുശേഷവും നഷ്ടമുണ്ടായാല്‍ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കൃഷി ഭവനുമായി ബന്ധപ്പെടുക.

സുഭിക്ഷ കേരളം

സുഭിക്ഷ കേരളം


സുഭിക്ഷ കേരളം  പദ്ധതിയുടെ  ഭാഗമായി കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യ മേഖല എന്നിവയ്‌ക്കായി ഏകദേശം
3800 കോടി രൂപയാണ് ഗ്രാമപഞ്ചായത്തുകൾ വഴി ചെലവിടുന്നത്.

1. കറവയുളള പശു/എരുമ (വാങ്ങുന്നതിന്).
60000 രൂപ വിലയുളള ഒരു പശു വാങ്ങുന്നതിന് പരമാവധി 30000 രൂപ ജനറൽ വിഭാഗത്തിന് സബ്‌സിഡിയായി ലഭിക്കും. പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനം വരെയും പട്ടിക വർഗ വിഭാഗത്തിന് 100 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.

2. കാലിത്തൊഴുത്ത് നിർമാണം പൊതു വിഭാഗത്തിന് ചിലവിന്റെ 50 ശതമാനം പരമാവധി 25000 രൂപ ധനസഹായം. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയും കാലിത്തൊഴുത്ത് നിർമിക്കാം.

3. ഡെയറി ഫാം ഡെയറി ഫാമുകളുടെ ആധുനികവൽക്കരണത്തിനു പരമാവധി 50000 രൂപ ധനസഹായം.4. തീറ്റപ്പുൽകൃഷി വ്യക്തികൾക്കോ, ഗ്രൂപ്പുകൾക്കോ സ്വന്തം  ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ തീറ്റപ്പുൽക്കൃഷി ചെയ്യാൻ കഴിയും. ഹെക്‌ടറിന് 15000 രൂപ നിരക്കിൽ പരമാവധി 30000 രൂപ അനുവദിക്കാം.

4. തീറ്റപ്പുൽകൃഷി വ്യക്തികൾക്കോ, ഗ്രൂപ്പുകൾക്കോ സ്വന്തം  ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ തീറ്റപ്പുൽക്കൃഷി ചെയ്യാൻ കഴിയും. ഹെക്‌ടറിന് 15000 രൂപ നിരക്കിൽ പരമാവധി 30000 രൂപ അനുവദിക്കാം.

 5. മുട്ടക്കോഴി വളർത്തൽ സ്വന്തമായി കോഴിക്കൂടുളളവർക്കു സൗജന്യമായി 5 മുട്ടക്കോഴി കുഞ്ഞുങ്ങളെ (45–60 ദിവസം പ്രായം) നൽകുന്നു.

6. പന്നി വളർത്തൽ 5 പന്നിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതിലേക്കായി പരമാവധി 45000 രൂപ വരെ സബ്‌സിഡി ലഭിക്കും.

7. ഫിഷറീസ് മേഖല വീട്ടു വളപ്പിൽ രണ്ട് സെന്റ് വിസ്തീർണമുളള കുളത്തിൽ 1000 മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിന് ആകെ ചെലവ് 123000 വരും. പൊതു വിഭാഗത്തിന് 49200 രൂപയും പട്ടിക ജാതി വിഭാഗത്തിന് 92250 രൂപയും പട്ടിക വർഗ വിഭാഗത്തിന് 123000 രൂപയും ധനസഹായം ലഭിക്കും.

8. ബയോഫ്‌ളോക് മത്സ്യ കൃഷി. 5.6 മീറ്റർ വ്യാസമുളള പ്ലാറ്റ് ഫോമിൽ 1.2 മീറ്റർ ഉയരവും 5 മീറ്റർ വ്യാസമുളളതുമായ ടാങ്ക് ഇരുമ്പ് ചട്ടക്കൂട്ടിൽ നിർമിച്ച് അതിനുളളിൽ 550 ജിഎസ്എം കനത്തിലുളള പിവിസി ആവരണം ചെയ്‌ത  എച്ച്ഡിപിഇഷീറ്റ് വിരിച്ച ശേഷം ടാങ്കിൽ 4–6 സെന്റിമീറ്റർ വലുപ്പമുളള 1250 മത്സ്യ കുഞ്ഞുങ്ങളെ വളർത്തുന്നതാണ് ഈ പദ്ധതി. 40 ശതമാനം പൊതു വിഭാഗത്തിന് സബ്‌സിഡി ലഭിക്കും.

9. കുളത്തിലെ കരിമീൻ കൃഷി ആകെ ചെലവ് 150000 രൂപ. 40 ശതമാനം പൊതു വിഭാഗത്തിനും 75 ശതമാനം പട്ടിക ജാതി വിഭാഗത്തിനും 100 ശതമാനം പട്ടിക വിഭാഗത്തിത്തിനും സബ്‌സിഡി ലഭിക്കും.

http://www.aims.kerala.gov.in/farmer/farmerlogincontroller/get_farmer_details

കുറ്റികുരുമുളക് കൃഷി

കുറ്റികുരുമുളക് കൃഷി



      സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടാവശ്യത്തിന് കുരുമുളക് ലഭിക്കാനുള്ള എളുപ്പവഴിയാണ് 'കുറ്റിക്കുരുമുളക്' (ബുഷ് പെപ്പർ). ചെടിച്ചട്ടികൾ, പഴയ ബക്കറ്റ്, പ്ലാസ്റ്റിക് ബക്കറ്റ്, ചാക്കുകൾ, വീഞ്ഞപ്പെട്ടികൾ ഇവയിലെല്ലാം കുരുമുളക് നടാം.

വീട്ടിൽ സൗകര്യപ്രദമായി എവിടെയും വെക്കാം. വീട്ടമ്മമാർ കുറച്ച് താത്പര്യമെടുത്താൽ, കുറ്റിക്കുരുമുളക് തൈകൾ വീട്ടിൽതന്നെ തയ്യാറാക്കാം. തൈകൾ നട്ടുപരിചരിച്ചാൽ ആദ്യ കൊല്ലംതന്നെ നല്ലവണ്ണം കായ്ച്ചുതുടങ്ങും.

ഒരു ചെടിയിൽനിന്ന് കുറഞ്ഞത് 250 ഗ്രാം മുളകെങ്കിലും കിട്ടും. നന്നായി കായ്പിടുത്തമുള്ള കുരുമുളക് ചെടിയുടെ പ്രധാന തണ്ടിൽനിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വശിഖരങ്ങൾ മൂന്നുമുതൽ അഞ്ചുവരെ മുട്ടോടുകൂടി മുറിച്ചെടുത്ത് അതിലെ ഇലകൾ ഞെട്ടൽപ്പം നിർത്തി മുറിക്കണം.

നന്നായി വിളവേകുന്നതും 8-10 വർഷത്തോളം മൂപ്പുള്ളതുമായ മാതൃകൊടിയിൽനിന്ന് ഒരുവർഷം പ്രായമായ ശിഖരങ്ങളാണ് മുറിച്ചെടുത്ത് വേരോട്ടമുണ്ടാക്കാൻ നടേണ്ടത്.

നല്ല, വിസ്താരമേറിയ ഉദ്ദേശം 45 സെന്റീമീറ്റർ ഉയരവും 30 സെന്റീമീറ്റർ വ്യാസവുമുള്ള ചെടിച്ചട്ടിയുടെ അടിഭാഗത്ത് ദ്വാരമിട്ട് ചരൽ, ഓട്ടുകഷ്ണം ഇവ നിരത്തിയിടണം. ശരിയായ നീർവാർച്ച കിട്ടാനിതുവഴി പറ്റും. 2:1:1 എന്നയനുപാതത്തിൽ മണ്ണ്, മണൽ, ചാണകപ്പൊടി ഇവ കലർത്തിയ മിശ്രിതം ചട്ടിയിൽ നിറയ്ക്കണം.

ഇങ്ങനെ നടീൽമിശ്രിതം, നിറച്ചുവെച്ച ചട്ടിയിൽ പാർശ്വശിഖരങ്ങൾ നടാം. നഴ്സറിയിൽനിന്നും പോളിബാഗിൽ നട്ടിരിക്കുന്ന ബുഷ് പെപ്പർ നടീൽ തൈകൾ ലഭിക്കും.

ഇതു വാങ്ങി ചട്ടിയുടെ നടുഭാഗത്തിറക്കിവെച്ച് കവർ ബ്ലേഡിനാൽ മുറിച്ചുനീക്കി നല്ല ബലത്തിൽ ചട്ടിയിൽ നടണം. സ്വന്തമായി നമ്മുടെ വീട്ടുപറമ്പിൽതന്നെ കുറ്റിക്കുരുമുളക് തൈകൾ തയ്യാറാക്കുമ്പോൾ വേരുപിടിക്കാനൽപ്പം അമാന്തമുണ്ടാവാറുണ്ട്. ഇതിന് പരിഹാരമായി പാർശ്വശിഖരങ്ങൾ മുറിച്ചയുടനെ വേരുപിടിക്കുന്ന ഹോർമോണിൽ മുക്കി നട്ടാൽമതി.

ഹോർമോൺ ലായനിയിലോ ഹോർമോൺ പൊടിയിലോ പാർശ്വശിഖരത്തിന്റെ ചുവട് മുക്കി നടണം. ഇൻഡോർ ബ്യൂട്ടറിക്കാസിഡ്, സെറാഡിക്സ് ബി-2, കെരാഡിക്സ്, റൂട്ടെക്സ് എന്നീ പേരിലെല്ലാം വേരുപിടിത്തഹോർമോൺ ലഭ്യവുമാണ്. അഗ്രോവെറ്റ് പുറത്തിറക്കുന്ന അപ്പിക്കാറൂട്ടെക്സും പ്രചാരത്തിലുണ്ട്. 45 സെക്കൻഡ് നേരം ലായനിയിൽ കമ്പു മുക്കിയിട്ടാണ് നടേണ്ടത്.

ചെടിച്ചട്ടിയിൽ വേരുവന്നതിനുശേഷം മൂന്നു മാസത്തിലൊരിക്കൽ കാലിവളം 50 ഗ്രാം വീതം മണ്ണിലിളക്കി ചേർക്കണം. മണ്ണിരവളം ചേർക്കുന്നതു നല്ലതാണ്. മാസത്തിലൊരിക്കൽ എൻ.പി.കെ.: 10:4:4 രാസവളമിശ്രിതം, 20 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ചുവട്ടിൽ ഒഴിച്ചിളക്കുന്നത് നല്ലതാണ്. എന്നാൽ, രാസവളം ഏറെ നൽകാൻ പാടില്ല. ഇനി രാസവളം ഒഴിവാക്കുന്നവർ സ്യൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ട്രൈക്കോഡെർമ-വേപ്പിൻപ്പിണ്ണാക്ക് മിശ്രിതം ഇടയ്ക്ക് ചേർക്കുന്നതും നല്ലതാണ്.

ചെടി വളർന്നുവരുന്നതിനനുസരിച്ച് വശത്തേക്ക് വളരുന്ന ശാഖകൾ, മുറിച്ചു നേരെനിർത്തി, കുറ്റിരൂപത്തിൽ (ബുഷ്) നിലനിർത്താൻ ശ്രദ്ധിക്കണം. വീട്ടാവശ്യം നിറവേറ്റാൻ 3-4 ചെടിച്ചട്ടിയിൽ കുറ്റിക്കുരുമുളക് നട്ടാൽ മതി. ചെടിച്ചട്ടിയിൽ നല്ല നിറം തേയ്ച്ചാൽ വീടിനുമുകളിലും ഉദ്യാനത്തിലും കുറ്റിക്കുരുമുളക് നല്ല ഭംഗിയായിരിക്കും.

തെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനം

തെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനം
തെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനം

ഗുണമേന്മയുള്ള തൈകളുടെ ലക്ഷണങ്ങൾ

നേരത്തെ മുളച്ച (വിത്തു തേങ്ങ പാകി 5 മാസത്തിനകം)വേഗത്തിൽ വളരുന്ന, കരുത്തുള്ള തൈകൾ

ധാരാളം വേരുകളും ഒരു വർഷം പ്രായമാകുമ്പോൾ 6-8 ഓലകളും

ഓലക്കാലുകൾ നേരത്തെ വിടർന്നവ
മാതൃ വൃക്ഷത്തിന്റെ (ഇനത്തിന്റെ ) തനതായ സ്വഭാവ ഗുണങ്ങൾ

ഒരു തവാരണയിൽ ഏതാണ്ട് 65% തൈകൾ മികച്ച ഗുണങ്ങൾ പ്രകടിപ്പിക്കുന്നവയായിരിക്കും

തൈകൾ ഇളക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നഴ്സറിയിൽ നിന്നും തൈകൾ മൺവെട്ടിയോ പാരയോ ഉപയോഗിച്ച് ശ്രദ്ധാപൂർവം ഇളക്കി എടുക്കണം. കടഭാഗത്തിന് ക്ഷതം വരുന്ന രീതിയിൽ തൈകളുടെ ഓലകളിൽ പിടിച്ച് വലിച്ച് പിഴുതെടുക്കാൻ ശ്രമിക്കരുത്. നഴ്സറിയിൽ നിന്നും ഇളക്കുന്ന തൈകൾ എത്രയും പെട്ടെന്ന് നടണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം തൈകൾ 7 ദിവസം വരെ തണലിൽ സൂക്ഷിക്കാം. ഈ അവസരത്തിൽ ചിതലിന്റെ / ഉറുമ്പിന്റെ ആക്രമണത്തിന് സാധ്യത ഉള്ളതിനാൽ മുൻകരുതൽ എടുക്കണം.

കൃഷിയിടം ഒരുക്കൽ

നല്ല നീർവാർച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കൃഷിയിടങ്ങളാണ് തൈ നടാനായി തെരഞ്ഞെടുക്കേണ്ടത്. ചെരിവുള്ള പ്രദേശങ്ങളിൽ മണ്ണ്-ജല സംരക്ഷണ മാർഗങ്ങൾ അവലംബിക്കണം. താഴ്ന്ന പ്രദേശമാണെങ്കിൽ കൂനകൾ ഉണ്ടാക്കി വേണം തൈകൾ നടേണ്ടത്. തൈകൾ വളരുന്നത് അനുസരിച്ച് മണലും എക്കലും മണ്ണും തൈകൾക്ക് ചുറ്റുമിട്ട് തറ ഉയർത്തേണ്ടതാണ്.

മണ്ണിന്റെ ഘടനയനുസരിച്ച് കുഴിയെടുക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും. വെട്ടുകൽ പ്രദേശങ്ങളിൽ 1.2 x1.2 x1.2 മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുന്നു. ചെങ്കൽ പ്രദേശങ്ങളിൽ തൈകൾ നടുന്നതിന് ആറുമാസം മുമ്പ് കുഴികളെടുത്ത് 2 കിലോ വീതം കറിയുപ്പ് ഇടുന്നത് മണ്ണ് അയവുള്ളതാക്കും.

നടുന്ന സമയം

സാധാരണയായി മെയ്-ജൂൺ മാസങ്ങളിൽ തൈകൾ നടാം. എന്നാൽ നനയ്ക്കാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ ഇടവപ്പാതി മഴയ്ക്ക ഒരു മാസം മുമ്പായി (മേടം പത്തിന്) തൈകൾ നടുകയാണെങ്കിൽ മഴയ്ക്ക് മുമ്പു തന്നെ തൈകൾ പിടിച്ചു കിട്ടും. അതുകൊണ്ട് കാലവർഷത്തിൽ ഉണ്ടാകാറുള്ള വെള്ളക്കെട്ട് ഉണ്ടായാൽപോലും തൈ അഴുകി പോകാനുള്ള സാധ്യത കുറവാണ്. എന്നാൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബർ മാസത്തിൽ നടുന്നതാണ് നല്ലത്.

നടീൽ അകലം

തൈകൾ തമ്മിൽ നിശ്ചിത അകലം നൽകേണ്ടത് അത്യാവശ്യമാണ്. സൂര്യപ്രകാശം,മണ്ണ്,ജലം, വായു എന്നീ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും പരസ്പര മത്സരം ഒഴിവാക്കാനും നല്ല വിളവ് ലഭിക്കാനും ഇത് സഹായിക്കും. ഉയരം കൂടിയ ഇനങ്ങൾക്ക് ശുപാർശ ചെയ്തിട്ടുള്ള അകലം 7.5 മീറ്ററാണ്. എന്നാൽ കുറിയ ഇനങ്ങൾ നടുമ്പോൾ തൈകൾ തമ്മിൽ 6.5-7.0 മീറ്റർ അകലം മതിയാകും.

തൈ നടുന്നതിന് മുമ്പ് മേൽ മണ്ണും ചാണകപ്പൊടിയും ചാരവും കലർന്ന മിശ്രിതം കുഴിയുടെ 60 സെ.മീ വരെ നിറയ്ക്കണം. അതിന് കൃത്യം നടുവിലായി ഒരു ചെറിയ കുഴി എടുത്ത് തൈ നടാം.

ജൈവ സംപുഷ്ടീകരണം (ബയോ പ്രൈമിംഗ്)

തെങ്ങിൻ തൈകൾക്ക് ഭാവിയിൽ രോഗം വരാതിരിക്കാൻ ഉള്ള ഒരു പ്രതിരോധ നടപടിയാണ് ജൈവ സംപുഷ്ടീകരണം. ഇതിനായി സ്യൂഡോമൊണാസ് അല്ലെങ്കിൽ ബാസിലസ് 500 ഗ്രാം ജൈവവളവുമായി കൂട്ടിക്കലർത്തി നടുന്ന തൈകൾകക് രോഗപ്രതിരോധ ശക്തിയും കരുത്തും കൂടുതലായിരിക്കും.

തൈ നടുമ്പോൾ ഓലക്കവിളുകളിൽ മണ്ണ് വീഴാതെ നോക്കണം. കുഴിയിൽ തൈ വെച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് ചവിട്ടി നന്നായി ഉറപ്പിക്കണം.

തൈ തെങ്ങുകളുടെ പരിചരണം

തൈ തെങ്ങുകൾക്ക് ആദ്യത്തെ രണ്ട് മൂന്ന് വർഷം വരെ ശ്രദ്ധയോടെയുള്ള പരിചരണം നൽകണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയിൽ കെട്ടി നിർത്തുക. മഴ സമയത്ത് തൈക്കുഴിയിൽ വെള്ളം ഊർന്ന് കെട്ടി നിൽക്കാൻ ഇട നൽകാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക,കൂടാതെ വേനൽ മാസങ്ങളിൽ തണൽ മൽകുക, നനയ്ക്കുക തുടങ്ങിയവയാണ് പ്രധാന പരിചരണ മുറകൾ.

വേനൽ മാസങ്ങളിൽ നാല് ദിവസം കൂടുമ്പോൾ 45 ലിറ്റർ വെള്ളം ഒഴിക്കണം. കുഴികളിൽ വളരുന്ന കളകൾ നീക്കണം. തൈ വളരുന്നതിന് അനുസരിച്ച് മണ്ണ് വെട്ടി തടത്തിലിടുക,കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വർഷം ഇങ്ങനെ ചെയ്യുമ്പോൾ തൈക്കുഴി വളർച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയിത്തീരും.

സംയോജിത വളപ്രയോഗം

ശരിയായ വളർച്ചയ്ക്കും നേരത്തെ പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും നല്ല ഉത്പാദനം ലഭിക്കുന്നതിനും തൈകൾ നടുന്ന വർഷം തന്നെ വളപ്രയോഗം നടത്തണം. നട്ട മൂ്ന്ന് മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം. തെങ്ങിന് രാസവളം ചുരുങ്ങിയത് രമ്ട് തുല്യ തവണകളായി വീതിച്ചു നൽകുന്നതാണ് ഉചിതം. മെയ്-ജൂൺ മാസങ്ങളിൽ(കാലവർഷത്തിന് മുമ്പ്) ശുപാർശ ചെയ്തിട്ടുള്ള രാസവളത്തിന്റെ മൂന്നിൽ ഒരു ഭാഗം കുഴിയിൽ തൈയ്ക്ക് ചുറ്റും ഇട്ട് മണ്ണിൽ ഇളക്കി ചേർക്കണം. രണ്ടാമത്തെ വളപ്രയോഗം ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ (തുലാവർഷത്തിന് മുമ്പ്) ചെയ്യണം. ഈ സമയത്ത് 3-5 കി.ഗ്രാം ജൈവവളം, ആദ്യവർഷം 3 കി.ഗ്രാം, 2 ാം വർഷം 5 കി.ഗ്രാം, പിന്നീടുള്ള വർഷങ്ങളിൽ 10 കി.ഗ്രാം വീതവും കൂടി ചേർത്ത് കുഴിയുടെ ഉൾഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം. അതിനുശേഷം അവശേഷിച്ച രാസവളം ചേർക്കാം.

കീടരോഗ നിയന്ത്രണം

തൈ തെങ്ങുകളിൽ ആക്രമണം നടത്തുന്ന പ്രധാന കീടമാണ് കൊമ്പൻ ചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളിലാണ് ചെല്ലിയുടെ ആക്രമണം കൂടുതലായി കാണുന്നത്. ചെല്ലി നാമ്പോലയും കൂമ്പുഭാഗവും ആക്രമിക്കുന്നതിനാൽ തൈകൾ പൂർണ്ണമായും നശിക്കാനിടവരും. അതിനാൽ ചെല്ലിക്ക് എതിരായ പരിപാലന മുറകൾ കൃത്യസമയത്ത് തന്നെ ചെയ്യണം. കീടത്തിന്റെ ആക്രമണം തടയാൻ മുൻകരുതലായി 250 ഗ്രാം പൊടിച്ച മരോട്ടി പിണ്ണാക്ക് അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് തുല്യ അളവിൽ മണലും കൂട്ടിക്കലർത്തിയ മിശ്രിതം നാമ്പോലക്കവിളിൽ ഇട്ട് കൊടുക്കണം. ഇതിനു പകരം വലിയ പാറ്റാ ഗുളിക 2 എണ്ണം ഓലക്കവിളിൽ വച്ച് മണൽ കൊണ്ടു മൂടുന്നതും ഫലപ്രദമാണ്. മൂന്ന് മാസത്തിലൊരിക്കൽ പാറ്റാഗുളിക മാറ്റി വയ്ക്കാൻ ശ്രദ്ധിക്കണം. ഫെർട്ടറ/ഫിപ്രോണിൽ എന്ന കീടനാശിനി 3-5 ഗ്രാം സുഷിരങ്ങളിട്ട ചെറുപോളിത്തീൻ കവറുകളിലാക്കി ഓലക്കവളിൽ വെയ്ക്കുന്നതും ഫലപ്രദമാണ്.

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം – Fish Amino Acid (FAA)

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം – Fish Amino Acid (FAA)



ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് (Read this text in english) ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.

മീനും ശ് ര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.

വെണ്ട കൃഷി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വെണ്ട കൃഷി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം


എളുപ്പത്തിൽ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കർഷകനിലേക്ക് അടുപ്പിക്കുന്നു.
എളുപ്പത്തിൽ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കർഷകനിലേക്ക് അടുപ്പിക്കുന്നു.

നല്ലയിനം വിത്തുകൾ വേണം നടുന്നതിനായി തിരഞ്ഞെടുക്കാൻ. ആരോഗ്യമുള്ള വിത്തുകളാണെങ്കിൽ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും.

വിത്തു പാകുന്നതിനു മുമ്പ് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുന്നത് നല്ലതാണ്. വേഗം മുളയ്ക്കാനും നന്നായി വളരാനും അത് സഹായിക്കും. വെണ്ടവിത്തിലെ വെള്ള നിറത്തിലുള്ള ചെറിയ ഭാഗം മണ്ണിൽ താഴേക്കാക്കി വേണം നടാൻ. ഇത് വേഗം മുളയ്ക്കാൻ സഹായിക്കും.

കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥലം ഉണ്ടെങ്കിൽ നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാൻ. മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും ചാരവും കാത്സ്യത്തിന് മുട്ടത്തോട് പൊടിച്ചതും ചേർത്ത് വിത്ത് നടാം. നേരിട്ട് നിലത്തു നടുമ്പോൾ മണ്ണ് കൂനകൂട്ടിയോ തടമെടുത്തോ നടാം.

സ്ഥലമില്ലാത്തവർക്ക് ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ ഉപയോഗ ശൂന്യമായ പാത്രങ്ങളിലോ ചാക്കിലോ ഒക്കെ നടാവുന്നതാണ്. അവയിൽ നിറയ്ക്കുന്ന മണ്ണും ഇങ്ങനെ ഒരുക്കണം.

വിത്ത് നേരിട്ട് പാകുകയോ സീഡ് ഇൻ ട്രേയിൽ നട്ട് മുളപ്പിച്ച ശേഷം മാറ്റി നടുകയോ ചെയ്യാം. മൂന്നു നാലു ദിവസം കൊണ്ട് വിത്തു മുളച്ചു തുടങ്ങും. നാലഞ്ച് ഇലകൾ വിരിഞ്ഞ ശേഷം വേണം മാറ്റി നടാൻ.

മണ്ണിന് നനവു കിട്ടാൻ പാകത്തിന് വേണം നനയ്ക്കാൻ. അതേസമയം വേനൽ കടുക്കുമ്പോൾ നന്നായി നനച്ചു കൊടുക്കുകയും വേണം.

പാഴ്ച്ചെടികൾ കൊണ്ട് പുതയിടുന്നതും ഇടയ്ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നതും നല്ലതാണ്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, കോഴിക്കാഷ്ടം തുടങ്ങിയ വളങ്ങൾ ഉപയോഗിക്കാവുന്നതാണ്.

വെണ്ടകൃഷി ചെയ്യുന്നവരുടെ പ്രധാന ശല്യമാണ് ഉറുമ്പ്. ഉറുമ്പിനെ നേരിടാൻ പൊടിയുപ്പോ മഞ്ഞൾപ്പൊടിയോ ഇട്ടു കൊടുത്താൽ മതി. വെള്ളീച്ചകളാണ് മറ്റൊരു ശല്യക്കാരൻ. ഇലകളിലെ മഞ്ഞപ്പിന് കാരണം വെള്ളീച്ചകളാണ്. ഇവയെ നേരിടാൻ വെളുത്തുള്ളി മിശ്രിതം തളിക്കണം. വേപ്പെണ്ണ മിശ്രിതം തളിക്കുന്നതും കീടങ്ങളെ അകറ്റാൻ സഹായകമാണ്.

ഇഞ്ചി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇഞ്ചി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി കൃഷി ചെയ്യാനുള്ള നിലമൊരുക്കണം.ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം. മഴയെ ആശ്രയിച്ചോ, ജലസേചന സൗകര്യം ഏര്‍പ്പടുത്തിയോ ഇഞ്ചിക്കൃഷി ചെയ്യാം. മിതമായ തണലില്‍ കൃഷി ചെയ്യാമെങ്കിലും സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നസ്ഥലങ്ങളിലാണ് ഇഞ്ചി സമൃദ്ധിയായി ഉണ്ടാകുക. തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍തോപ്പിലും ഇടവിളയായും ഒരു വിളമാത്രം എടുക്കുന്ന വയലുകളിലും ഇഞ്ചിക്കൃഷിചെയ്യാം. ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി കൃഷി ചെയ്യാം.

വിത്ത് തെരഞ്ഞെടുക്കലും പരിചരണവും

ഇഞ്ചിക്കൃഷിയില്‍ഏകദേശം 40 % ചെലവും വരുന്നത് വിത്തിനാണ്. ഇഞ്ചിക്കൃഷിയുടെ വിജയവും പ്രധാനമായും വിത്തിനെ ആശ്രയിച്ചിരിക്കുന്നു.അതുകൊണ്ട് വിത്ത് തെരഞ്ഞെടുക്കലും സൂക്ഷിക്കലും അതീവ പ്രധാന്യമര്‍ഹിക്കുന്നു. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരുകുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്.ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്പോള്‍ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങള്‍ ഒരുബാഗില്‍ നടാനായി ഉപയോഗിക്കാം.

ജൈവാംശം, വളക്കൂറ്, നീര്‍വാര്‍ച്ച, വായു സഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്കൃഷിക്കേറ്റവും യോജിച്ചത് മണ്ണിളക്കം നല്ലവണ്ണം വരുന്ന വിധത്തില്‍ ഉഴുതോ കിളച്ചോ തടമെടുക്കാം. ഏകദേശം 25 സെ.മി ഉയരത്തില്‍ തടങ്ങളെടുത്താല്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷണമാകും. തടങ്ങള്‍ തമ്മില്‍ഏകദേശം ഒരടി അകലമുണ്ടായിരിക്കണം. തടത്തില്‍ 25x 25 സെ.മി അകലത്തില്‍ ചെറിയകുഴികളെടുത്ത് വിത്ത് ഏകദേശം അഞ്ച് സെ.മി താഴ്ത്തി നടണം. നടുന്നതോടൊപ്പം ട്രൈക്കോഡര്‍മ്മയടങ്ങിയ ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം എന്നിവകൂടിയിടുന്നത് കീടങ്ങളെ അകറ്റും.

ginger plant

മണ്ണില്‍ നിന്ന് വളരെയധികം മൂലകങ്ങള്‍ വലിച്ച്‌ വളരുന്ന വിളയാകയാല്‍ ശാസ്ത്രീയമായ വളപ്രയോഗം ഇഞ്ചിക്കൃഷിക്ക് അത്യാവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം ചെയ്യുന്നതാണ് നല്ലത്. മണ്ണില്‍ കൂടിയും വിത്തില്‍ കൂടിയും പകരുന്ന മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നീരോഗങ്ങളാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും കൃത്യമായ സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളും വലിയതോതിലുള്ള വിളനാശം സംഭവിക്കാതിരിക്കാന്‍ സഹായകമാകും. തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം.

ഗുണങ്ങള്‍:

സുഗന്ധവ്യഞ്ജനമെന്നതിലുപരി ഔഷധഗുണത്തിലും ഇഞ്ചി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും.വിറ്റാമിന്‍ എ, സി,ഇ ധാതുക്കളായ മഗ്നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാത്സ്യം, ആന്‍റിഓക്‌സൈഡുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. ഹൃദയാരോഗ്യംമെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇഞ്ചി.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് ഗുണപ്രദമാണ് ഇഞ്ചി.രക്തസമ്മര്‍ദം സാധാരണ നിലയിലാക്കും. ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ചുകുടിക്കുന്നത് ഏറെ നല്ലതാണ്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇതു സഹായിക്കും. ഹൃദയാഘാതം,സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകുറയ്ക്കാന്‍ ഇഞ്ചി സ്ഥിരമായി ഉപയോഗിക്കുന്നത് സഹായിക്കും.

മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ; അറിയേണ്ടതെല്ലാം

മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ; അറിയേണ്ടതെല്ലാം
മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ; അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് ഏറ്റവും നന്നായി പച്ചക്കറി വിളവു ലഭിക്കുന്ന കാലമാണ് മഴക്കാലം. എന്നാൽ മഴക്കാലത്ത് കൃഷി ചെയ്യാനുള്ള പച്ചക്കറികൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.

കേരളത്തിലെ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കും. ധാരാളം അയഡിൻ അടങ്ങിയ പോഷക സമൃദ്ധമായ വെണ്ടയ്ക്കക്ക് വിപണിയിൽ നല്ല വിലയും ലഭിക്കാറുണ്ട്.

മെയ് മാസം പകുതിയോടെയാണ് വെണ്ടയുടെ മഴക്കാല കൃഷിയ്ക്കായി വിത്ത് പാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളിൽ ചെടികൾ തമ്മിൽ 45 സെമീയും വരികൾ തമ്മിൽ 60 സെമീയും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുമ്പ് വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്താൻ ശ്രദ്ധിക്കണം.

ചെടികൾ വളരുന്നതോടെ ചെറിയ തോതിൽ നനയ്ക്കണം. ജൂണിൽ മഴ തുടങ്ങുന്നതോടെ ചെടികൾ തഴച്ചുവളാരാൻ തുടങ്ങും. നട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെറിയ തോതിൽ ജൈവവളം അടിവളമായി നൽകിയാൽ മികച്ച വിളവു നൽകുന്ന കൃഷിയാണ് വെണ്ടക്കൃഷി.

വെണ്ട കഴിഞ്ഞാൽ മുളകാണ് മഴക്കാല കൃഷിയിലെ പ്രധാനി. വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചാൽ മഴക്കാലത്ത് മുളക് മികച്ച വിളവു നൽകും. നീരൂറ്റി കുടിക്കുന്ന പ്രാണികൾ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. സാധാരണ മുളകിനു പുറമേ കാന്താരി മുളകും വീട്ടിൽ കൃഷി ചെയ്യാം. വിത്തുകൾ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്.

ഇതിനായി വിത്തുകൾ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകൾ മാറ്റിനടണം. ചെടികള് തമ്മില് 45 സെ.മീറ്ററും വാരങ്ങൾ തമ്മിൽ 60 സെ.മീറ്ററും ഇടയകലം നല്കണം. തൈകള് നട്ട് അമ്പതാം ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നൽകാൻ മറക്കരുത്.

വഴുതിനയാണ് മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി. വിപണിയിൽ ലഭ്യമായ നിരവധി ഇനം വിത്തുകൾക്കു പുറമേ ധാരാളം നാടൻ വഴുതിന ഇനങ്ങളും വീടുകളിൽ കൃഷി ചെയ്തുവരുന്നു. മെയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതൽ 25 ദിവസംവരെ പ്രായമാകുമ്പോൾ തൈകൾ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം.

നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ഇവ കൂടാതെ പാവൽ, പയർ തുടങ്ങിയ പച്ചക്കറികളും ജൂൺ ആദ്യവാരം മഴക്കാലം എത്തുന്നതോടെ കൃഷി ചെയ്യാവുന്നതാണ്.

കോവല് കൃഷി

കോവല് കൃഷി


ദീര്‍ഘകാലം വിളവ് നല്‍കുന്ന വെള്ളരിവര്‍ഗ്ഗവിളയാണ് കോവല്‍ അഥവാ കോവയ്ക്ക. പടര്‍ന്നുവളരുന്ന ഇതിന്‍റെ തണ്ടുകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. വിത്തുകള്‍ നടുന്നതിനായി ഉപയോഗിക്കാറില്ല. സാധാരണ വെള്ളരിവര്‍ഗ്ഗവിളകളില്‍ ഒരുചെടിയില്‍തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കണ്ടുവരുന്നു. എന്നാല്‍ കോവലില്‍ ആണ്‍-പെണ്‍ ചെടികള്‍ വെവ്വേറെയാണ് കാണപ്പെടുന്നത്. പ്രകൃതിദത്തമായ ഇന്‍സുലിന്‍ ധാരാളമുള്ള വിളയാണ് കോവല്‍. അതിനാല്‍ത്തന്നെ, പ്രമേഹരോഗികള്‍ക്ക് കോവല്‍ പച്ചയായി തന്നെ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ ഇതിന്‍റെ വേരും തണ്ടും ഇലയുമൊക്കെ ഔഷധഗുണവുമുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.

കോവയ്ക്കയില്‍ പ്രധാനമായും രണ്ടിനങ്ങളുണ്ട്. കയ്പുള്ളവയും ഇല്ലാത്തവയും. ഇലകളുടെ പ്രത്യേകതകള്‍കൊണ്ടിവയെ തിരിച്ചറിയാം. കയ്പില്ലാത്ത ഇനങ്ങളുടെ ഇലകള്‍ക്ക് മിക്കവാറും അഞ്ചിതളുകള്‍ ഉണ്ടായിരിക്കും. അവയുടെ കായ്കള്‍ക്ക് ഇളം പച്ചനിറവുമാണ്. കോവലില്‍ മിക്കവാറും നാടന്‍ ഇനങ്ങള്‍ ആണ് കൃഷി ചെയ്തുവരുന്നത്. ഉരുണ്ട കായ്കളുള്ള 'കട്ടന്‍' എന്നയിനവും നീണ്ട് വരകളോടുകൂടിയ 'സൂപ്പര്‍' എന്നയിനവും പ്രസിദ്ധമാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ സുലഭ എന്നയിനം നല്ല വിളവ് നല്‍കുന്നതാണ്. സുലഭ : അത്യുത്പാദനശേഷി, ഇളംപച്ചനിറത്തില്‍ വരകളോടുകൂടിയ ഇടത്തരം നീളമുള്ള കായ്കള്‍ എന്നിവയാണ് ഈയിനത്തിന്‍റെ പ്രത്യേകതകള്‍.

കൃഷിരീതി :
നല്ല കായ്പിടുത്തമുള്ള ചെടികളില്‍നിന്ന് ശേഖരിക്കുന്ന ചാരനിറവും, 30-40 സെ.മീ. നീളവുമുള്ള തണ്ടുകളാണ് നടീലിന് ഉപയോഗിക്കുന്നത്. ഇവയ്ക്ക് മൂന്നു മുട്ടുകളെങ്കിലും വേണം. പെണ്‍ചെടിയില്‍നിന്നുമുള്ള കമ്പുകളായിരിക്കണം നടുന്നതിനായി തെരഞ്ഞെടുക്കുന്നത.് നല്ല നീര്‍വാര്‍ച്ചയുള്ള എല്ലാത്തരം മണ്ണിലും കോവല്‍ കൃഷി ചെയ്യാം. 60 സെ.മീ. വ്യാസവും 30 സെ.മീ. താഴ്ചയുമുള്ള കുഴികളെടുത്ത് ഓരോ കുഴിയിലും രണ്ട് മുട്ടുകള്‍ മണ്ണിനടിയില്‍ വരത്തക്കവിധം നടാവുന്നതാണ്. വരികള്‍ തമ്മില്‍ നാല് മീറ്ററും ചെടികള്‍ തമ്മില്‍ മൂന്ന് മീറ്ററും ഇടയകലം വേണം. മെയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ ആണ് നടുന്നതിന് അനുയോജ്യമായ സമയങ്ങള്‍.

രോഗങ്ങൾ :
മൊസൈക്ക് രോഗം : മറ്റു വെള്ളരിവര്‍ഗ്ഗ വിളകളെപ്പോലെ കോവലിലും മൊസൈക്ക് രോഗം പ്രധാന പ്രശ്നമാണ്. രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ തടിച്ച്, വളഞ്ഞ് രൂപമാറ്റം സംഭവിക്കുന്നു. ക്രമേണ ചെടി നശിച്ചു പോകുന്നു. രോഗം വളരെയധികം ബാധിച്ച ചെടികളെ നശിപ്പിച്ചു കളയണം. രോഗം പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതമോ വേപ്പധിഷ്ഠിത ജൈവകീടനാശിനികളോ ഉപയോഗിക്കാവുന്നതാണ്.

കീടങ്ങള്‍ :
മുഞ്ഞ : കോവലിന്‍റെ വിളവിനെ ബാധിക്കുന്ന പ്രധാന കീടാക്രമണമാണ് മുഞ്ഞയുടേത്. ഇലകളുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനു പുറമേ മൊസൈക്ക് എന്ന വൈറസ് രോഗവും പരത്തുന്നു. മുഞ്ഞകളും അവയുടെ കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടിയുടെ വളര്‍ച്ച മുരടിച്ചുവരുന്നു. ഇവയെ നിയന്ത്രിക്കുവാന്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതമോ കഞ്ഞിവെള്ളം നേര്‍പ്പിച്ചതോ ഉപയോഗിക്കാം. കായീച്ച : കോവലില്‍ ആദ്യവിളവ് തുടങ്ങുമ്പോഴാണ് കായീച്ചയുടെ ശല്യമുണ്ടാകുന്നത്. കായീച്ചയുടെ പുഴുക്കള്‍ കോവയ്ക്കയില്‍ ആക്രമണം നടത്തുന്നു. തല്‍ഫലമായി മൂപ്പെത്തുന്നതിനു മുമ്പേ കോവയ്ക്ക വീണുപോകുന്നു. ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാവുന്നതാണ്. ബ്ലൂവേറിയ ബാസ്സിയാന എന്ന ജീവാണുകീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കുറച്ച് ശര്‍ക്കരയും കലര്‍ത്തി തളിക്കാവുന്നതാണ്.

വിളവെടുപ്പ് :
ഇനങ്ങളുടെ പ്രത്യേകതയനുസരിച്ച് 2-3 മാസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ ഉണ്ടാകും. പൂവിരിഞ്ഞ് 10-15 ദിവസത്തിനുള്ളില്‍ കായ്കള്‍ പറിച്ചെടുക്കാം. കോവല്‍ചെടികള്‍ രണ്ടാംവര്‍ഷവും നില്‍ക്കുകയാണെങ്കില്‍ മഴക്കാലത്തോടെ കായ്കള്‍ ഉണ്ടായിക്കഴിഞ്ഞ വള്ളികള്‍ മുറിച്ചുമാറ്റി ബലമുള്ള തണ്ടുകള്‍ മാത്രം നിലനിര്‍ത്തി പന്തല്‍ ക്രമീകരിക്കണം. പുതുതായി ഉണ്ടാകുന്ന ഇലകളുടെ സമീപത്തു തന്നെയാണ് കായ്കളും ഉണ്ടാകുന്നത് എന്നതിനാല്‍ വള്ളികള്‍ തുടര്‍ച്ചയായി വളര്‍ന്നാലേ നല്ല വിളവ് ലഭിക്കുകയുള്ളൂ. ഒരു ചെടിയില്‍നിന്ന് ശരാശരി 4-4.5 കിലോഗ്രാം കായ്കള്‍ ലഭിക്കും.